2015 ഓഗസ്റ്റ് 11, ചൊവ്വാഴ്ച

സ്വപ്നാടനം
ഇന്നലെ ഞാന്‍ കണ്ട സ്വപ്നത്തില്‍
വശ്യമായ ചിരിയോടെ നീയുമുണ്ടായിരുന്നു.
എന്നെ പിന്‍തുടര്‍ന്നത്‌ നീയായിരുന്നു
പൊട്ടിയൊഴുകുന്ന ചങ്ങലപ്പാടില്‍ നിന്നും
ഒലിച്ചിറങ്ങുന്ന ചോരയില്‍
കൂനനുറുമ്പുകള്‍ വരിയിട്ടപ്പോള്‍
എന്‍റെ വേദനയിലൂടെ അതുനീയും ആസ്വദിച്ചു.
പ്രണയം എന്ന സ്വാര്‍ത്‌ഥതയിലൂടെയാണ്
നീ എന്നെ ബന്ധനസ്ഥയാക്കിയത്.
പറഞ്ഞു മടുത്തതും കണ്ടുമടുത്തതും എഴുതിമടുത്തതും
ആയിരുന്നിട്ടും അതുമാത്രമായിരുന്നു
നിനക്ക് എന്നിലുള്ള കടിഞ്ഞാണ്‍.
അടിമയാക്കുക എന്നത്  കനിഞ്ഞു നല്‍കിയ
നിന്‍റെ മനസില്‍ നിന്നും ശൂന്യമാക്കപ്പെട്ട
സ്നേഹത്തിന്റെ ആകെത്തുക.
ഓരോ വലിച്ചടുപ്പിക്കലിലും അറ്റുപോവാന്‍ ആശിച്ചത്
എന്നില്‍ നിന്നും നിന്നിലേയ്ക്കുള്ള ജീവനാഡികള്‍ ആയിരുന്നു.
ആഴ്ന്നിറങ്ങുന്ന ചങ്ങല നമ്മില്‍ വേര്‍തിരിക്കപ്പെടുന്ന
ഒരു മതിലായ് നിലകൊണ്ടു അത് നിന്‍റെ കൈകളില്‍
കണ്ണിപൊട്ടാതെ നീ ബന്ധിപ്പിച്ചിരുന്നു.
നഗ്നതമറയ്ക്കുന്ന അവശേഷിക്കുന്ന തുണ്ടുതുണിയും
എന്നില്‍നിന്നു മാറ്റപ്പെടുമ്പോള്‍
നിനക്ക് നോക്കിരസിക്കാന്‍ എന്‍റെ മാറിലെ മാംസളത
എല്ലുകളിലേയ്ക്കും പറ്റിചേര്‍ന്നിരുന്നു എങ്കിലും.
ഇരുട്ടിനെ മറയാക്കി നീ എന്നെഭോഗിച്ചിരുന്നു.
നിനക്കുവേണ്ടി വീണ്ടും തളിര്‍ക്കാന്‍എന്നിലെ
അവശേഷിക്കുന്ന ഊര്‍ജ്ജത്തെ ആവാഹിച്ചു.
അപ്പോഴൊക്കെ പ്രണയംവരണ്ട ഒരു വന്ന്യമൃഗത്തിന്റെ
രൂപം നീഅറിയാതെ ഉള്‍ക്കൊണ്ടു.
മുഷിഞ്ഞ വാക്കുകളാല്‍ നീ അതിനെ നിഷേധിച്ച്
ചങ്ങല ദൂരത്തില്‍ വിയര്‍പ്പൊടുക്കി.
അവസാന ശ്വാസവും നിലച്ചപ്പോഴാണ്
നിന്നെ ഞാന്‍ മുറുകെ പിടിച്ചത്.
ഞാന്‍ സപ്നത്തില്‍ നിന്ന് ഉണര്‍ന്നപ്പോള്‍ മൃദുവായ
നിന്‍റെ കരവലയത്തില്‍ നെഞ്ചോട്‌ ചേര്‍ന്നുറങ്ങുകയായിരുന്നു.
ഇന്നലെ കണ്ടസ്വപ്നത്തില്‍ എന്നെ പിന്‍തുടര്‍ന്നത്‌ നീയായിരുന്നു.

2015 ജൂൺ 14, ഞായറാഴ്‌ച

ഭ്രാന്ത്

ചങ്ങലയാല്‍ മുറിവേറ്റ കാല്
വാക്കാല്‍ മുറിവേറ്റ മനസ്
നഖങ്ങള്‍ വളര്‍ന്നു മുടി നീണ്ടു പടര്‍ന്നു
പുലഭ്യം പറഞ്ഞു ആ വട്ടത്തില്‍ കറങ്ങുമ്പോള്‍
ദൂരെനിന്നും വലിച്ചെറിഞ്ഞ ആ പൊതിച്ചോറില്‍
വെറുപ്പിന്‍റെ വിള്ളല്‍.
അതിലൂടെ താഴേക്കു വീണതിനെ മണ്ണോടെ കൈളില്‍ വാരി
ദൂരേയ്ക്ക് വലിച്ചെറിയുമ്പോള്‍ വിശപ്പുമരവിച്ച
ആമാശയത്തിലെ തീച്ചൂള പൊട്ടി വൃണമായി
എന്നെ ഭ്രാന്തനാക്കിയത് ഈ ചങ്ങലയായിരുന്നു.
പക്ഷേ വെറുക്കില്ലൊരിക്കലും
എന്നോട് ഇതിനേക്കാള്‍ ഇഴുകിച്ചേര്‍ന്നത്‌
മറ്റൊന്നുമില്ല.
ഒരു കാലിന്‍റെ ബന്ധനമാണ് മറ്റേതിന്‍
സ്വാതന്ത്ര്യം എനിക്ക് കാട്ടിത്തന്നത്.
കാണാത്ത പുറംലോക കാഴ്ചകളാണ്
എനിക്ക് ചിന്തിക്കാന്‍ സാധ്യതകള്‍ ഏറെ തന്നത്
ഓര്‍മ്മയുടെ സ്ഥിരതയില്ലായ്മയാണ്
എന്‍റെ വേദനകള്‍ ഇല്ലാതാവാന്‍ കാരണം.
ഓരോ ഉദയാസ്തമനങ്ങളാണ് ദിവസങ്ങളുടെ
വേര്‍തിരിവായി എനിയ്ക്കാകെയുള്ളത്.
പച്ചമണ്ണിനോട് ഞാന്‍ താതാദ്മ്യപ്പെട്ടിരിക്കുന്നു
കാരണം അതിന്‍റെ കുളിര്‍മ്മ
എന്‍റെ സിരകളിലേയ്ക്ക് അരിച്ചിറങ്ങിയിരുന്നു.
വിളിപ്പേരുകള്‍ എനിക്ക് ഭ്രാന്തു തന്നില്ല.
ചിലപ്പോഴൊക്കെ കലങ്ങിമറിയുന്ന ചിന്തകളില്‍
കര്‍ണ്ണപുടങ്ങള്‍ പൊട്ടുമാറു
ഞാന്‍ ഉറക്കെ നിലവിളിച്ചിരുന്നു.
നാക്കു നീട്ടിയ കണ്ണുകള്‍ ചുവന്ന
ഒരുഗ്രജീവി എന്‍റെ ചെവിയില്‍
വായ ചേര്‍ത്തു അലറുമ്പോള്‍
ചുറ്റുമുള്ളവര്‍ എന്നെ നോക്കി ആക്രോശിച്ചു
ഇവന്‍ ഭ്രാന്തനെന്നു.
ഇരുട്ടായിരുന്നു ഏറെ സമയവും
എന്‍റെ ചിന്തകളെ കീഴടക്കിയത് .
ഭയന്ന് വിറച്ചു എന്‍റെ തൂണിനോട് ചേര്‍ന്ന് കിടക്കുമ്പോള്‍
മെല്ലെ വന്നുപതിച്ച സാന്ത്വനസ്പര്‍ശം ഞാന്‍ തിരിച്ചറിഞ്ഞു
മുഖത്തു പതിച്ച കണ്ണീരിന്‍റെ ചൂട് എന്നെ വേവിച്ചു
എത്ര അബോധത്തിലും ഞാന്‍ ശാന്തനാകുന്നത്
ആ കൈത്താങ്ങിലാണ് .
എന്‍റെ ഭ്രാന്തിനു...............

2015 ജൂൺ 3, ബുധനാഴ്‌ച

കിനാവ്
********
ആരും ഉണരാതെ പോയെങ്കില്‍
നിറഞ്ഞുപുഷ്പിച്ചു ത്രസിച്ചു നിന്നേനെ ഭൂമി
നീ ഉണരുമെന്നുള്ള പ്രതീക്ഷയില്‍ ഉദിക്കില്ല സൂര്യന്‍
നിന്‍ ആധിപത്യത്തിന്‍റെ ഇഷ്ട്ടികത്തൂണുകളില്‍
വള്ളിപ്പടര്‍പ്പുകള്‍ ആര്‍ത്തുകയറിയേനേ.
നീ മുറിച്ചെറിഞ്ഞ ശിഖരങ്ങള്‍
അവിടെ വേരൂന്നി പുതുവസന്തം തീര്‍ത്തേനേ.
ചിറകടിച്ചുയരുമ്പോള്‍ പ്രതീക്ഷയുറപ്പിച്ചു
കൂടണയാമെന്നു പക്ഷികള്‍ നിനച്ചേനേ.
വെള്ളിമേഘങ്ങള്‍ അകാല മൗനംവെടിഞ്ഞു
ചിന്നിത്തെറിച്ചു മണ്ണിനെ കുളിര്‍പ്പിച്ചു -
പൊട്ടിയൊഴുകുന്ന നീര്‍ച്ചോലയായെനേ.
വെട്ടിത്തിളങ്ങും വെള്ളി ചെതുമ്പലുകള്‍
പുളച്ചു മദിച്ചു കളിയാടുമ്പോള്‍ ഉന്നംവയ്ക്കും
ചുണ്ടുകള്‍ക്ക് പിഴയ്ക്കാതിരിരുന്നെനേ.
ചവിട്ടി മെതിച്ച കാല്‍പ്പാടുകളില്‍ നിന്‍
വേരിറക്കി അന്നം തിരയുമ്പോള്‍
ഉറക്കം വിട്ടുണരുമോ അവരെന്നു ഞാന്‍ പേടിച്ചു
കാലം ഒരുപാടൊളിപ്പിച്ചത് നിന്‍റെ വിലാപങ്ങള്‍
അവര്‍ഉണര്‍ന്നിരുന്നാസ്വദിച്ചത് നിന്‍റെ ഞരക്കങ്ങള്‍.
നിന്നെ പിളര്‍ക്കുവാന്‍ ഇരുതല മൂര്‍ച്ച കൂട്ടുന്നവര്‍ .
വരണ്ട സ്വപ്നങ്ങളെ തിരുമ്മിയകറ്റി
ശേഷിച്ച പച്ചപ്പിനെ ചുരത്തുമ്പോള്‍
ഊറ്റിക്കുടിച്ചവര്‍ തിമിര്‍ത്താടി .
നോവാതെ ആഴ്ത്തുവാന്‍പാല്‍പ്പല്ലല്ലത് , ദംഷ്ട്രകള്‍.
നിന്‍റെ വേദന കണ്ടവര്‍ ആര്‍ത്തു രസിച്ചു
ഇനി പറയാന്‍ നേരമില്ലവര്‍ ഉണരുമിപ്പോള്‍
കണ്ടതൊക്കെയും പാഴ്ക്കിനാക്കള്‍
വെറും പേക്കിനാക്കള്‍!!!

2015 മേയ് 25, തിങ്കളാഴ്‌ച

ആദിമന്‍

ഉരഗം ചതിച്ചതല്ലവനെന്നെ ബലിയാക്കി
ശാപമെന്നെ ഉരഗത്തിന്‍ പിന്നിലാക്കി
കായ്കനികളിലൊന്നിലൊളിപ്പിച്ച വിഷം
അതിന്നും ശാപമായ്പേറുന്നു ഞാന്‍
പ്രാണനൊടുക്കുവാന്‍ വിഷമമുണ്ടെങ്കിലും
ഒറ്റുകൊടുക്കാതെ ഓടിമറയാതെ
എന്‍ പാതിയെ നോക്കി പകച്ചുനിന്നു.

ഉരഗത്തെ നോക്കിയോരുടയോന്‍റെ മുഖമോ
ശാപത്തിന്‍ ചൂടില്‍ തിളച്ചുനിന്നു!
സത്യം പറയുവാനൊക്കില്ലെനിക്കപ്പോള്‍
തിന്നതിന്‍ പാതിയെന്‍ ചുണ്ടിലുണ്ട്.
നാണം മറയ്ക്കുവാന്‍ കാട്ടിലകള്‍ പോരാതെ
അവനിന്ന് ഞാനൊരു പ്രാരാബ്ധമായി.
ഉടയോനൊപ്പം ചേര്‍ന്ന് നിന്നിട്ടവന്‍
വിരല്‍ചൂണ്ടി എന്‍റെ ഉദരത്തിലേയ്ക്ക്....
അവിടെ ഉരുവായതിലും കറകണ്ടവന്‍
അത് പാപത്തിന്‍ ഫലമെന്നു ചൊല്ലിവെച്ചു.
പിന്‍കാലില്‍ പല്ലാഴ്ത്താന്‍ പതിയിരുന്നൊ-
രുരഗത്തെ തച്ചുകൊന്നിട്ടവന്‍ കാടേറവെ
അവള്‍ നൊന്തു പെറ്റൊരാ നിന്‍ജാതനപ്പോള്‍
കാടിളകുമാവണ്ണം അലറി കരഞ്ഞു
അപശബ്ദംകേട്ടു നീ ചെവി പൊത്തി നില്ക്കവേ
തോളില്‍ പിടച്ചതൊരുപേട മാന്‍ കുട്ടിയും !
മരമൊന്നുലഞ്ഞു തെക്കിന്‍ മഴച്ചാറ്റലില്‍
ചാലുകീറി പ്രളയം കെടുതിയായി
നിന്‍ വിയര്‍പ്പാലതും കരകയറിയിട്ടാ
കാടിനെ കയ്യാല്‍ വകുത്തുമാറ്റി
കൊല്ലാനടുത്തോരാ കരിമ്പനെ വിരല്‍ചൂണ്ടി
അടിമയാക്കി തുടങ്ങി അന്നുനീ
ആധിപത്യത്തിന്‍ അധികാരക്കൊതി .
വാകീറിയതൊക്കെ മെല്ലെ വളര്‍ന്നു
വിരല്‍താങ്ങി നടക്കാന്‍ പഠിച്ചപ്പോള്‍
നിന്നെ പുറന്തള്ളി മുന്നേറിപോയതോ
ഒന്നിന്‍ കടമുറിച്ചോരോമലയും നിരപ്പാക്കി
കല്ല്‌ കല്ലിനോടെന്നപോല്‍ പോരാടി
വെട്ടിത്തെളിച്ചവന്‍ തന്‍ പേര് ചേര്‍ത്തു .
അരുമകള്‍ തന്‍ ചോര ബലിനല്‍കി
ഇരുകരങ്ങളുയര്‍ത്തി തന്‍ സാമ്രാജ്യം കാണവേ
പിന്‍കഴുത്തില്‍ പതിയും അജ്ഞാതമാം മഴു.
ഭരണം വെടിഞ്ഞതില്‍ മരണത്തെ ചേര്‍ത്തു
പഴമയില്‍പേര് ചേര്‍ക്കാതെ നീ മണ്ണടിഞ്ഞപ്പോള്‍
ആര്‍ത്തു ചിരിച്ചതും നിന്‍റെ ചോര.
പിന്നെ.,കൊട്ടിയടച്ചൊരു സമചതുരക്കള്ളിയില്‍
നീയും ഞാനും നമ്മളുമായ് ....
അയല്പക്കക്കാരനെ കാണാതെ കാലൊച്ചയില്ലാതെ
കതകിന്‍ മറവില്‍ പതുങ്ങിയിരുന്നിട്ടു
മിണ്ടേണ്ട എന്നാംഗ്യം കാട്ടി മറയുമ്പോള്‍
നമ്മള്‍ പഠിപ്പിച്ചതോ ഒറ്റയാവാന്‍ .
കെട്ടിയുയര്‍ത്തിയ മതിലുകള്‍ പോരാതെ
കൊട്ടിയടച്ചൊരു വാതിലിനപ്പുറം
കൈകോര്‍ത്ത് നിന്നവര്‍ എങ്ങടമില്ലാതെ.
വിശപ്പടങ്ങും വരെ അമ്മിഞ്ഞപ്പാലും
നടത്തം പഠിക്കുവോളം അച്ഛന്റെ ചൂടും
എന്നവരെ പഠിപ്പിച്ചതവനല്ല.
ഉരഗത്തോടൊപ്പം ചേര്‍ന്ന് ഉടയോനെ ചതിച്ച നീ
എന്ന് ഞാന്‍ കൂട്ടി ചേര്‍ക്കുന്നു ..

2015 മേയ് 23, ശനിയാഴ്‌ച

തെമ്മാടിക്കുഴി

പറഞ്ഞു തീരാത്ത കഥകള്‍ ബാക്കിവെച്ചു
കീഴ്പ്പെടുകയാണ് ഞാന്‍.
നിറഞ്ഞ കണ്ണുകളോടെയല്ല , ചെറു പുഞ്ചിരിയോടെ.
ഓര്‍മ്മകളെ മാറാല മറയ്ക്കുമ്പോള്‍ നിശബ്ദത
ഒരു തണലാണ്‌ .
നിഴലുകള്‍ പോലും അകന്നുപോകുമ്പോള്‍
തിരശ്ശീല വീഴുകയാണെന്‍റെ ചലനങ്ങള്‍ക്ക് .
കാരണം ഒരു യാന്ത്രികത ഞാന്‍ വെറുക്കുന്നു
തെമ്മാടിക്കുഴികള്‍ തേടി അലയേണ്ടവനാവാമെങ്കിലും
ശവംനാറി പൂക്കളുടെ സ്വപ്നങ്ങള്‍ എനിക്കും കൂട്ടാകും.
അവര്‍ക്കൊപ്പം ഞാനെന്‍റെ ഓര്‍മ്മകള്‍ അയവിറക്കും
എന്‍റെ മണ്‍കൂനയ്ക്ക് മുകളില്‍ ആര്‍ത്തിയോടെ വളരുന്ന
കാട്ടുചെടികളോട് ഞാന്‍ സല്ലപിക്കും
തെമ്മാടിക്കുഴികളുടെ ഉടമകള്‍ അവരാണല്ലോ!
എന്‍റെ ശേഷിപ്പുകള്‍ വലിച്ചെടുത്തു അവ പൂവിടുമ്പോള്‍
അതിലൂടെ ഞാന്‍ നിങ്ങളെ കാണും.
നിറഞ്ഞു പുകയുന്ന കുന്തിരിക്കവും പള്ളിമണികളും
എന്നെ ആലോരസപ്പെടുത്തുന്നു.
എന്‍റെ ഉറക്കത്തിനു അവര്‍ വിലക്ക് കല്‍പ്പിക്കുന്നു.
അന്ത്യകൂദാശകൊണ്ട് മരിച്ചവരുടെ കുരിശുകള്‍
എന്നെ നോക്കി വീമ്പിളക്കുന്നു
അവര്‍ക്ക് സ്ഥാനംതെറ്റാതെ ഞങ്ങളുണ്ടെന്നു
അന്നറിയാതെ തെന്നിവീണ മെഴുകുതിരിയാണ്
ആദ്യം എനിക്കായ് ഉരുകിയത്
തെമ്മാടിക്കുഴികളാണ് മരിച്ചവര്‍ക്ക് നല്ലത്
അവര്‍ക്ക് ഓര്‍മ്മപെടുന്നവരുടെ കുത്തിനോവിക്കല്‍
സഹിക്കേണ്ടതില്ല!
ചൂണ്ടികാണിക്കാന്‍ അടയാളങ്ങള്‍ ഇല്ലാതെ
അവന്‍ ഭൂമിക്കു സ്വന്തം.

2015 മേയ് 22, വെള്ളിയാഴ്‌ച

നേര്‍രേഖ

കാലമൊളിപ്പിച്ചതൊക്കെയും കളവാണെന്ന് പറഞ്ഞു ഞാന്‍
കരളിലൊളിപ്പിച്ചതോ കറ തീര്‍ന്ന കാമനകള്‍.
നിഴലു മറയ്ക്കാത്ത നിറമുള്ള സ്വപ്നത്തെ
കരകാണാകടലിലെറിഞ്ഞു.
എഴുതി പിടിപ്പിച്ച വരികളിലെല്ലാം ഏറെയും
നൊമ്പരംനിറച്ചു ഞാന്‍
കനല്‍ വീണ വഴികളില്‍ വിണ്ടുകീറിയ കിനാക്കളും പേറി
സ്വപ്ങ്ങളുടെ നനവും പ്രതീക്ഷിച്ചു താണ്ടിയത് കാതങ്ങള്‍.
ഒരിക്കല്‍കുറിച്ചിട്ടതിനെ പുറംകയ്യാല്‍ മായ്ച്ച്-
എഴുതിയവാക്കുകളില്‍ നിറഞ്ഞതും നൊമ്പരങ്ങള്‍ തന്നെ.
ചില ഓര്‍മ്മകള്‍ എന്നെവിട്ടു പോകില്ല അത് ഓര്‍ക്കുക എന്നത്
ഒരുനോവുള്ള സുഖമാണെങ്കിലും
ചിലതിനെ ഓര്‍ക്കാതിരിക്കാന്‍ ഞാന്‍ ഏറെ ശ്രമിക്കും.
കിഴക്കുണരുന്ന വെളിച്ചത്തിനൊപ്പം എന്നില്‍
പറ്റിപ്പിടിച്ചതെല്ലാമുപേക്ഷിച്ചു യാത്ര തുടരുകയാണ് ഞാന്‍.
വിശ്രമിച്ചാല്‍ കൊത്തിവലിക്കുന്നത്
അപരിചിതത്വത്തിന്റെകൂര്‍ത്തകണ്ണുകള്‍.
അതില്‍നിന്നു രക്ഷ ഇരുട്ടാണ്‌.
നേടിയതൊക്കെയും നഷ്ടമാണന്നതോര്‍ക്കുമ്പോള്‍
യാത്രകള്‍ അനിവാര്യമാണ്.
നിങ്ങള്‍ നിനയ്ക്കുന്നതൊന്നുമില്ല എന്നോര്‍മ്മിപ്പിക്കുന്നു ഈ തുണിക്കെട്ടില്‍.
പഴകിയസ്വപ്നത്തിന്‍റെ ജീര്‍ണ്ണിച്ച കടലാസുതുണ്ടുകള്‍ ഏറെയുണ്ട് .
അതിലെന്‍റെ നഷ്ടപ്രണയവും കുറിച്ചിരിക്കാം.
കാലം കവര്‍ന്ന ജീവിതത്തിന്‍ ഓര്‍മ്മപെടുത്തലുകള്‍ അതിലുമുണ്ട് .
പിന്നെയെന്‍ വിയര്‍പ്പുകണങ്ങള്‍ ഒപ്പിയ
നൂലുകള്‍ ഇഴചേര്‍ന്നു നില്‍ക്കാത്ത
സ്വപ്നങ്ങള്‍ അടക്കിയ ഒരു ചെപ്പുണ്ട് .
അതിലൊരു കുഞ്ഞു കാല്‍ത്തളയുണ്ട്
എന്റെ മാറില്‍ ഉറങ്ങിയ ചൂടുണ്ട് .
പിച്ചനടന്നു പഠിച്ചോരെന്‍ ചൂണ്ടുവിരലിന്റെ
നേര്‍രേഖ നോക്കിയകണ്ണുകളിന്നെന്നെ നോക്കാതെ
കൊട്ടിയടയ്ക്കുമ്പോള്‍നോവുന്നു കരള്‍.
പറയാന്‍ ആശിച്ചതല്ല ഒന്നുമിവരോട്
അറിയാതെ ഭാണ്ഡമഴിക്കുമ്പോള്‍
തിരയുന്നതാരും എന്നിലെ കഥകള്‍ മാത്രം.

2015 മേയ് 18, തിങ്കളാഴ്‌ച

മകള്‍

പിച്ചവെച്ച് നടന്നൊരാ കാല്‍പാട് തേടിവന്നപിതൃത്വമേ
എന്തുഞാന്‍ വിളിക്കേണ്ടു നിന്നെ?
ക്രുദ്ധനായി വേട്ടനായയെപോല്‍
തിരയുന്നു നീയെന്‍ കാല്‍പാടുകളെ
കൊല്ലരുതെന്ന് കൈ കൂപ്പി ഞാന്‍ അച്ഛനോട്-
ശൃംഗാര ഭാഷയോടെന്നോടടുക്കവേ.
താരാട്ട് പാടി ഉറക്കിയോരാ കൈകള്‍
കരിനിഴലായ് പതിക്കുന്നു എന്‍കുഞ്ഞിളംമേനിയില്‍.
അമ്മിഞ്ഞ പാല്‍മണം മാറിടാത്തെന്‍ ചുണ്ടിനെ
ചോര മണക്കും ഹിംസ്രജന്തു നീ നുണഞ്ഞെടുത്തില്ലേ?
മരണമെന്നെ കാര്‍ന്നു തിന്നിടുമ്പോഴും കൈവിടാതെ
ചേര്‍ത്തു പിടിച്ചു ഞാനാ കളിപ്പാവയെ.
സ്നേഹംനടിച്ചു നീ വന്നപ്പോള്‍ പിതൃ-
സ്നേഹവാത്സല്യമെന്നു കരുതിഞാന്‍
നിന്‍ക്രൂരമാം പല്ലുകള്‍ ആഴ്ന്നിറങ്ങുമ്പൊഴും
അച്ഛാ.. എന്നുറക്കെ വിളിച്ചു കരഞ്ഞില്ലേ ഞാന്‍?
നിന്‍ ബലിഷ്ഠമാം കരങ്ങളില്‍ പിടയുമ്പോഴും
രക്ഷിക്കുമെന്നോര്‍ത്തു മുറുകെപ്പിടിച്ചു ഞാന്‍ നിന്നെ.
ആര്‍ത്തിയോടെയെന്‍ മാംസം ഭുജിക്കുമ്പോള്‍
വാത്സല്യം എന്തെന്ന് നീ മറന്നോ.
കണ്ടില്ല നീ എന്‍കണ്ണിലെ ചുടുനീര്‍....
അറിഞ്ഞില്ല നീ എന്‍ മനസിന്‍റെ വേദന....
എവിടെ ഞാന്‍ ഒളിക്കേണ്ടു ?
ഇന്നെനിക്കൊളിയ്ക്കാനൊരിടവുമില്ല ഭൂമിയില്‍
തിരികെ പോകുവാനാകുമോ എനിക്കിനി
അമ്മതന്‍ ഉദരത്തിലേക്ക്.........?