2015 ഓഗസ്റ്റ് 11, ചൊവ്വാഴ്ച

സ്വപ്നാടനം
ഇന്നലെ ഞാന്‍ കണ്ട സ്വപ്നത്തില്‍
വശ്യമായ ചിരിയോടെ നീയുമുണ്ടായിരുന്നു.
എന്നെ പിന്‍തുടര്‍ന്നത്‌ നീയായിരുന്നു
പൊട്ടിയൊഴുകുന്ന ചങ്ങലപ്പാടില്‍ നിന്നും
ഒലിച്ചിറങ്ങുന്ന ചോരയില്‍
കൂനനുറുമ്പുകള്‍ വരിയിട്ടപ്പോള്‍
എന്‍റെ വേദനയിലൂടെ അതുനീയും ആസ്വദിച്ചു.
പ്രണയം എന്ന സ്വാര്‍ത്‌ഥതയിലൂടെയാണ്
നീ എന്നെ ബന്ധനസ്ഥയാക്കിയത്.
പറഞ്ഞു മടുത്തതും കണ്ടുമടുത്തതും എഴുതിമടുത്തതും
ആയിരുന്നിട്ടും അതുമാത്രമായിരുന്നു
നിനക്ക് എന്നിലുള്ള കടിഞ്ഞാണ്‍.
അടിമയാക്കുക എന്നത്  കനിഞ്ഞു നല്‍കിയ
നിന്‍റെ മനസില്‍ നിന്നും ശൂന്യമാക്കപ്പെട്ട
സ്നേഹത്തിന്റെ ആകെത്തുക.
ഓരോ വലിച്ചടുപ്പിക്കലിലും അറ്റുപോവാന്‍ ആശിച്ചത്
എന്നില്‍ നിന്നും നിന്നിലേയ്ക്കുള്ള ജീവനാഡികള്‍ ആയിരുന്നു.
ആഴ്ന്നിറങ്ങുന്ന ചങ്ങല നമ്മില്‍ വേര്‍തിരിക്കപ്പെടുന്ന
ഒരു മതിലായ് നിലകൊണ്ടു അത് നിന്‍റെ കൈകളില്‍
കണ്ണിപൊട്ടാതെ നീ ബന്ധിപ്പിച്ചിരുന്നു.
നഗ്നതമറയ്ക്കുന്ന അവശേഷിക്കുന്ന തുണ്ടുതുണിയും
എന്നില്‍നിന്നു മാറ്റപ്പെടുമ്പോള്‍
നിനക്ക് നോക്കിരസിക്കാന്‍ എന്‍റെ മാറിലെ മാംസളത
എല്ലുകളിലേയ്ക്കും പറ്റിചേര്‍ന്നിരുന്നു എങ്കിലും.
ഇരുട്ടിനെ മറയാക്കി നീ എന്നെഭോഗിച്ചിരുന്നു.
നിനക്കുവേണ്ടി വീണ്ടും തളിര്‍ക്കാന്‍എന്നിലെ
അവശേഷിക്കുന്ന ഊര്‍ജ്ജത്തെ ആവാഹിച്ചു.
അപ്പോഴൊക്കെ പ്രണയംവരണ്ട ഒരു വന്ന്യമൃഗത്തിന്റെ
രൂപം നീഅറിയാതെ ഉള്‍ക്കൊണ്ടു.
മുഷിഞ്ഞ വാക്കുകളാല്‍ നീ അതിനെ നിഷേധിച്ച്
ചങ്ങല ദൂരത്തില്‍ വിയര്‍പ്പൊടുക്കി.
അവസാന ശ്വാസവും നിലച്ചപ്പോഴാണ്
നിന്നെ ഞാന്‍ മുറുകെ പിടിച്ചത്.
ഞാന്‍ സപ്നത്തില്‍ നിന്ന് ഉണര്‍ന്നപ്പോള്‍ മൃദുവായ
നിന്‍റെ കരവലയത്തില്‍ നെഞ്ചോട്‌ ചേര്‍ന്നുറങ്ങുകയായിരുന്നു.
ഇന്നലെ കണ്ടസ്വപ്നത്തില്‍ എന്നെ പിന്‍തുടര്‍ന്നത്‌ നീയായിരുന്നു.